പുലിക്കുന്നേൽ കുടുംബം: പൂർവ്വചരിത്രം
ചരിത്രത്തിന്റെ ഇരുളടഞ്ഞ കാലഘട്ടത്തിൽനിന്നും പൊഴിഞ്ഞുവീണ പഴമകളുടെയും ഐതിഹ്യങ്ങളുടെയും പരമ്പരാഗതമായ അറിവിന്റെയും ശിഥിലങ്ങളായ കണ്ണികൾ ത്യാജ്യ ഗ്രാഹ്യബുദ്ധിയോടെ സസൂക്ഷ്മം പെറുക്കിയെടുത്ത് ബന്ധിക്കുക എന്ന ആയാസപൂർണ്ണ മായ ഉത്തരവാദിത്വമാണ് ഒരു ചരിത്രകാരൻ നിർവ്വഹിക്കേണ്ടിവരിക. ദേശചരിത്രങ്ങളും കുടുംബചരിത്രങ്ങളും എഴുതി സൂക്ഷിക്കുക എന്നതിൽ ഭാരതീയർ പ്രായേണ വിമുഖരാ യിരുന്നു. ഈ വൈമുഖ്യം വിലയേറിയ പല നാട്ടറിവുകളെയും നമുക്കു നഷ്ടപ്പെടുത്തി.
പുലിക്കുന്നേൽ കുടുംബത്തിന്റെ പൂർവചരിത്രം സംബന്ധിച്ച് വ്യക്തവും വ്യാപകവുമായ രേഖാമൂലമുള്ള അറിവുകൾ ലഭ്യമായിട്ടില്ല. എങ്കിലും വായ്മൊഴിയായി പരമ്പരാഗത മായി ലഭിച്ച പല അറിവുകളെ സസൂക്ഷ്മം പഠിച്ചതിന്റെ വെളിച്ചത്തിലാണ് ഇതിനുപരി പ്രതിപാദിക്കുന്ന പൂർവചരിത്രഭാഗങ്ങൾ തയാറാക്കിയിരിക്കുന്നത്.
പട്ടമന എന്ന കുടുംബം കോട്ടക്കാവിലാണ് താമസിച്ചിരുന്നത്. കാലാന്തരത്തിൽ പട്ട മന തറവാട്ടിൽ നിന്നും ഒരാൾ, വടക്കുംകൂർ രാജധാനിയും അക്കാലത്തെ ഒരു പ്രമുഖ കച്ചവടകേന്ദ്രവുമായിരുന്ന കടുത്തുരുത്തിയിൽ എളയിടം എന്ന ഇടത്തേക്ക് കുടിയേറിപ്പാർത്തു. പിന്നീട് ഈ ശാഖയിൽപ്പെട്ട ഒരു പൂർവികനാണ് – ഒരു പക്ഷേ കന്നിമണ്ണന്വേഷിച്ചായിരിക്കണം – ഇടമറ്റത്തു കുടിയേറിപ്പാർത്തത്. ക്രി.വ. 10-ാം നൂറ്റാണ്ടോടുകൂടിയാണ് ക്രൈസ്തവർ മീനച്ചിൽ പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചത്. കടുത്തുരുത്തിയിൽനിന്നും പാലാ, ഭരണങ്ങാനം, അരുവിത്തുറ വഴി പാണ്ടിനാട്ടിലേയ്ക്കുള്ള കോട്ടവഴി ഒരു പ്രധാന സഞ്ചാര മാർഗ്ഗമായിരുന്നു. തന്മൂലം കടുത്തുരുത്തിയിൽ നിന്നും മീനച്ചിലേക്കുള്ള കുടിയേറ്റം ആയാസരഹിതമായിരുന്നിരിക്കണം. കടുത്തുരുത്തിയിൽനിന്നും ഇടമറ്റത്തു കുടിയേറിപ്പാർത്ത പട്ടമന കുടുംബത്തിന്റെ ശാഖ ആദ്യമായി മീനച്ചിലാറിന്റെ തെക്കേക്കരയിൽ മുളയനാടി എന്ന പുരയിടത്തിൽ വീടു വച്ചു താമസിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. പൊന്നൊഴുകും തോട് മീനച്ചിലാറ്റിൽ പതിക്കുന്ന സ്ഥലത്തിനു കുറച്ചു മുകളിലായുള്ള പുരയിടമാണ് മുളയനാടി.
പറവൂർ കോട്ടക്കാവിൽ ഇപ്പോൾ പട്ടമന കുടുംബത്തിലെ അനന്തരഗാമികൾ ആരും തന്നെ ഇല്ലെന്നാണ് അന്വേഷണത്തിൽ അറിയുന്നത്. അവിടെനിന്നും പല കാലങ്ങളിലായി പല സ്ഥലങ്ങളിലേയ്ക്കും കുടിയേറി താമസിച്ച് പട്ടമന കുടുംബാംഗങ്ങൾ കൂനമ്മാവ്, ആലുവാ മുതലായ സ്ഥലങ്ങളിൽ തുടരുന്നതായി അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞി ട്ടുണ്ട്. വിവിധ കാലഘട്ടങ്ങളിൽ ചിന്നിച്ചിതറിപ്പോയ കുടുംബശാഖകളെക്കുറിച്ചു പഠിച്ച് അറ്റുപോയ കണ്ണികളെ കൂട്ടിച്ചേർക്കുക ഇന്നു സാദ്ധ്യമല്ലല്ലോ. കടുത്തുരുത്തിയിൽനിന്നായിരുന്നു പുലിക്കുന്നേൽ കുടുംബത്തിന്റെ ആഗമനമെന്നുള്ളത് ഐതിഹ്യത്തിലും കവിഞ്ഞ പരമ്പരാഗതമായ വിശ്വാസമാണ്. മൂലകുടുംബം പട്ടമന ആയിരുന്നുവെന്നും പൂർവികർ വിശ്വസിച്ചുപോന്നു. ആ പാരമ്പര്യവും വിശ്വാസവും മാത്രമാണ് ഈ കുടുംബത്തിന്റെ ഇരുളടഞ്ഞ പൂർവകാല ചരിത്രത്തിലേക്ക് എത്തിനോക്കുന്നതിന് ചരിത്രകാരന്മാർക്കുള്ള ഏക കൈവിളക്ക്.
മുളയനാടിയിൽ നിന്ന് പുലിക്കുന്നേലേയ്ക്ക്
ക്രി.വ. 1650-നും 1700-നും മധ്യേ മാത്തൻ എന്ന ഒരാളായിരുന്നു മുളയനാടി കുടുംബ ക്കാരണവർ. മാത്തൻ കാരണവർക്ക് ഏഴു പുത്രന്മാരുണ്ടായിരുന്നു. ആ ഏഴു മക്കളിൽ ഒരാളായിരുന്നു പ്രവിത്താനം പള്ളിയുടെ വികാരിയായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള മുളയനാടി മാത്തൻകത്തനാർ. ഭരണങ്ങാനം പള്ളിയുടെ കുരിശുപള്ളിയായി 1660 ൽ ആരംഭിച്ച പ്രവിത്താനം പള്ളി 1714 – ൽ ഒരു സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടപ്പോൾ ആദ്യവികാരി മുളയനാടി മാത്തൻ കത്തനാരായിരുന്നു. പ്രവിത്താനത്ത് ഇദ്ദേഹം ഒരു പള്ളി മേട പണിചെയ്തതായും പിൽക്കാലത്ത് അതിനു തീപിടിച്ചതായും പള്ളിയിൽ രേഖകളു ണ്ട്. പ്രവിത്താനം പള്ളിക്ക് ബ. മാത്തൻ കത്തനാർ നിലങ്ങളും സ്ഥലവും സംഭാവന ചെയ്ത തായും രേഖകളിൽ കാണുന്നു.
മാത്തൻ കത്തനാരുടെ സഹോദരന്മാരിൽ ഒരാളായിരുന്ന അവിരാ എന്ന കാരണവർ മുളയനാടി തറവാട്ടിൽനിന്നും പുലിക്കുന്നേൽ ചേരിയ്ക്കലിലേക്ക് താമസം മാറ്റി. ഇദ്ദേഹ മാണ് പുലിക്കുന്നേൽ കുടുംബസ്ഥാപകൻ. മാത്തൻകത്തനാരുടെ മറ്റൊരു സഹോദരനായ യൗസേപ്പ് പ്രവിത്താനത്ത് വസ്തുവകകൾ സമ്പാദിച്ച് അവിടെ താമസമാക്കി. ഈ യൗസേ പ്പിന്റെ കുടുംബമാണ് പ്രവിത്താനത്തെ അവുസേപ്പുപറമ്പിൽ കുടുംബം.
പുലിക്കുന്നേലേക്ക് മാറിത്താമസിച്ച അവിരായെത്തുടർന്ന് പുലിക്കുന്നേൽ തറവാട്ടിൽ രണ്ടോ മൂന്നോ തലമുറകളിൽ ഓരോ ആൺസന്താനം മാത്രമേ ഉണ്ടാ കരുതപ്പെടുന്നു. ഈ തലമുറകളിലെ കാരണവന്മാർ പുലിക്കുന്നേൽ ചേരിയ്ക്കൽ വെട്ടിത്തെളിച്ച് കൃഷി ചെയ്തുപോന്നു. മുളയനാടി തറവാട്ടിൽനിന്നു തറവാട്ടുവകയായി ലഭിച്ച മുളയനാടി, എളയിടം, വൈപ്പ് എന്നീ പുരയിടങ്ങളും പുലിക്കുന്നേൽ കുടുംബം വകയായുണ്ടായിരുന്നു. ഐതിഹ്യങ്ങളുടെയും പഴമയുടെയും പാരമ്പര്യ വിശ്വാസങ്ങളുടെയും കാനന ത്തിൽനിന്നും ചരിത്രത്തിന്റെ വെളിച്ചത്തിലേക്ക് പുലിക്കുന്നേൽ കുടുംബം പ്രവേശിക്കുന്നത്, മുളയനടി മാത്തൻകത്തനാരുടെ സഹോദരനായിരുന്ന മേൽ സൂചിപ്പിച്ച് അവിരാ യുടെ ഏതാനും തലമുറകൾക്കുശേഷമുള്ള അവിരാ അവിരാ എന്ന ഒരു കാരണവരുടെ കാലംമുതലാണ്. ഈ കാരണവരുടെ കാലം മുതലുള്ള വിവരങ്ങൾ വ്യക്തമായും വിശദ മായും ലഭ്യമായിട്ടുണ്ട്. ഈ അവിരാ കാരണവരെ ചരിത്രവിവരണത്തിന്റെ സൗകര്യാർത 1-ാം തലമുറക്കാരനായി കണക്കാക്കിക്കൊണ്ടാണ് ഇനിയുള്ള കുടുംബവിവരങ്ങൾ രേഖ പ്പെടുത്തിയിരിക്കുന്നത്.
പുലിക്കുന്നേൽ കുടുംബത്തിന്റെ ആധുനിക വംശാവലിയിലെ ഒന്നാം തലമുറക്കാരനായ അവിരാ അദ്ദേഹത്തിന്റെ പൂർവികരായിരുന്ന അവിരാ നാമധാരികളിൽ ഏഴാം തലമുറക്കാരനായിരുന്നുവെന്ന് ചില വൃദ്ധകാരണവന്മാർ പറഞ്ഞുകേട്ടിട്ടുണ്ട്. മേൽപറഞ്ഞ അവിരാ ജീവിച്ചിരുന്നത് 19-ാം നൂറ്റാണ്ടിന്റെ ആരംഭകാലത്താണ്. എന്നാൽ 18-ാം നൂറ്റാണ്ടിന്റെ ആരം ഭകാലത്തുതന്നെ പുലിക്കുന്നേൽ കുടുംബം നിലവിലുണ്ടായിരുന്നുവെന്നതിനു തെളിവു കളുണ്ട്. കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ കുടുംബശാഖാ സ്ഥാപകനായ കൊച്ചുതൊമ്മൻ തൊമ്മി എന്ന പൂർവികന്റെ ആറു പുത്രിമാരിൽ രണ്ടാമത്തെ പുത്രിയെ (കൊ.വ. 905-970 / ക്രി.വ. 1730-1795) ഇടമറ്റത്ത് പുലിക്കുന്നേൽ വിവാഹം ചെയ്തയച്ചതായി രേഖപ്പെടുത്തി യിട്ടുണ്ട്. (കരിപ്പാപ്പറമ്പിൽ കുടുംബചരിത്രം, പേജ് 42 – 1977). 18-ാം നൂറ്റാണ്ടിന്റെ പൂർവാർദ്ധ ത്തിൽ കരിപ്പാപ്പറമ്പിൽ കുടുംബത്തുനിന്നും വിവാഹം കഴിച്ച പുലിക്കുന്നേൽ കുടുംബാംഗം ആരാണെന്നോട് അദ്ദേഹത്തിന്റെ പേരെന്താണെന്നോ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഏതാ യാലും, ഈ ചരിത്രത്തിൽ വ്യക്തമായി അറിയപ്പെടുന്ന, ആധുനിക കുടുംബവംശാവലി യിലെ ഒന്നാം തലമുറക്കാരനായ അവിരാ (കുഞ്ഞവിരാ) എന്ന കാരണവരുടെ പൂർവിക രിൽ ആരെങ്കിലുമായിരിക്കും ഇതെന്ന് കണക്കാക്കാം.
പുലിക്കുന്നേൽ അവിരാ അവിരാ (കുഞ്ഞവിരാ) തലമുറ 1
19-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തു ജീവിച്ചിരുന്ന അവിരാ അവിരാ എന്ന കാരണവർ മുമ്പു സൂചിപ്പിച്ചിട്ടുള്ളതുപോലെ പിതാവിന്റെ ഏകപുത്രനായിരുന്നു. കുഞ്ഞവിരാ എന്ന ഓമനപ്പേരുണ്ടായിരുന്ന ഇദ്ദേഹം ദയാലുവും ധർമ്മിഷ്ഠനുമായിരുന്നു എന്നു കേൾവിയുണ്ട്.
മീനച്ചിലാറിന്റെ തീരപ്രദേശങ്ങളൊഴിച്ചാൽ പൊന്നൊഴുകുംതോടിന്റെ കിഴക്കേക്കരയിൽ വളരെക്കുറച്ചു ജനവാസമേ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ ഇടമറ്റത്തിന്റെ പ്രധാനകേന്ദ്രം പൊന്നൊഴുകുംതോടിന്റെ പടിഞ്ഞാറുവശത്തുള്ള പ്രദേശമായിരുന്നു. പുരാതനങ്ങളായ പങ്ക പ്പാട്, പൊന്മല, പുത്തൻശബരിമല എന്നീ അമ്പലങ്ങളും പ്രധാന നമ്പൂതിരി ഇല്ലങ്ങളും നായർ കുടുംബങ്ങളും തോടിന്റെ പടിഞ്ഞാറുവശത്തായിരുന്നു. കിഴക്കേക്കരയിൽ പല ചെട്ടി കുടുംബങ്ങളും അക്കാലത്ത് താമസിച്ചിരുന്നു എന്നു പറയപ്പെടുന്നു. കാടു പിടിച്ചു കിടന്നിരുന്നതും ജനവാസം താരതമ്യേന കുറവായിരുന്നതുമായ കിഴക്കേക്കരയിലേയ്ക്ക കുടിയേറിപ്പാർത്ത അപൂർവ്വം ക്രൈസ്തവ കുടുംബങ്ങളിൽ ഒന്നായിരുന്നു പുലിക്കുന്നേൽ കുടുംബം.
പുലിക്കുന്നേൽ കുടുംബത്തിന്റെ ആധുനിക വംശാവലിയിലെ ഒന്നാം തലമുറക്കാരനായ അവിരാ അവിരാ പാലായിൽ മൂലയിൽ കുടംബത്തിൽനിന്നാണ് വിവാഹം ചെയ്തി രുന്നത്. ഇദ്ദേഹത്തിന് (1) അവിരാ (2) ചെറിയത് (സ്കറിയാ) (3) ഐപ്പ് (അവുസേപ്പ്) എന്ന് മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു. ഇവരെ രണ്ടാംതലമുറയായി ഈ ചരിത്രത്തിൽ വിവരിക്കുന്നു.
ഇവരിൽ മൂത്ത പുത്രനായ അവിരാ പുലിക്കുന്നേൽ തറവാടിന് ഒരു ഫർലോംഗ് വടക്കുകിഴക്കുമാറി ഞായറുകുളം എന്ന പുരയിടത്തിലേക്കു മാറിത്താമസിച്ചു. അങ്ങനെ പുലി ക്കുന്നേൽ ഞായറുകുളം ശാഖ സ്ഥാപിതമായി. രണ്ടാമത്തെ പുത്രനായ ചെറിയത് മൂലതറ വാട്ടിനു തൊട്ടടുത്തുതന്നെ അല്പം കിഴക്കുമാറി കളപ്പുരയ്ക്കൽ താമസമാക്കി. ഇദ്ദേഹമാണ് പുലിക്കുന്നേൽ കളപ്പുരയ്ക്കൽ ശാഖാ സ്ഥാപകൻ. മൂന്നാമത്തെ പുത്രനായ ഐപ്പ് പുലിക്കുന്നേൽ തറവാട്ടിൽതന്നെ താമസിച്ചു.